കരയിടിച്ചിൽ രൂക്ഷമായ ശ്രീകണ്ഠപുരം പുഴയോരത്തും അലക്സ്‌നഗർ പുഴയോരത്തും സംരക്ഷണഭിത്തി കെട്ടണമെന്ന ആവശ്യം ശക്തമാകുന്നു

ശ്രീകണ്ഠപുരം: കരയിടിച്ചിൽ രൂക്ഷമായ ശ്രീകണ്ഠപുരം പുഴയോരത്തും അലക്സ്‌നഗർ പുഴയോരത്തും സംരക്ഷണഭിത്തി കെട്ടണമെന്ന ആവശ്യം ശക്തമാകുന്നു. പ്രളയത്തിനുശേഷം ശ്രീകണ്ഠപുരം ബസ്‌സ്റ്റാൻഡിനോട് ചേർന്ന പുഴയോരഭാഗങ്ങൾ ദിനംപ്രതി ഇടിയുന്ന സ്ഥിതിയാണ്.ശ്രീകണ്ഠപുരം മുത്തപ്പൻക്ഷേത്രം, നിവിൽ ആസ്പത്രി, മാർക്കറ്റ് പരിസരം എന്നിവിടങ്ങളിലെ ഭാഗങ്ങൾ പുഴയിലേക്കിടിഞ്ഞുകൊണ്ടിരിക്കുകയാണ്. പാലത്തോട് ചേർന്നുള്ള ഡി.ടി.പി.സി.യുടെ ടേക്ക് എ ബ്രേക്കും കരയിടിച്ചിൽ മൂലം അപകടാവസ്ഥയിലാണ്. പുഴയോരത്തോട് ചേർന്നുകിടക്കുന്ന ചാക്യാറ റോഡിന്റെ ഭാഗങ്ങൾ ഇടിഞ്ഞതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചു.
കഴിഞ്ഞമാസം പൊടിക്കളം-മടമ്പം-പാറക്കടവ് റോഡിൽ അലക്സ്നഗർ കുരിശുപള്ളിക്കു സമീപം റോഡും പുഴയിലേക്കിടിഞ്ഞിരുന്നു. നിലവിൽ 50 മീറ്ററോളം ദൂരത്തിൽ റോഡ് പുഴയെടുത്ത നിലയിലാണ്. റോഡരികിലെ തെങ്ങുകളും മരങ്ങളും ഉൾപ്പെടെ പുഴയിലേക്ക് പതിച്ചു. ചെറിയ വാഹനങ്ങൾക്ക് പോകാനാകുമെങ്കിലും അപകടസാധ്യത ഏറെയാണ്. കഴിഞ്ഞവർഷം ഇതിനു സമീപം കരിയിടിഞ്ഞ് ഗതാഗതം മുടങ്ങിയിരുന്നു. ശ്രീകണ്ഠപുരത്തും അലക്സ്‌നഗറിലും കരിയിടിയുന്ന ഭാഗത്ത് ഉടൻ സംരക്ഷണഭിത്തി കെട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.രാത്രിയിൽ കരയിടിയുന്നതറിയാതെ ഈ മേഖലകളിലെ പുഴയോരത്തുകൂടി പലരും നടന്നുപോകാറുണ്ട്. വീണ്ടും മഴപെയ്താൽ ഈ ഭാഗങ്ങളിൽ കൂടുതൽ അപകടമുണ്ടാകുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ഇടിയുന്ന ഭാഗത്ത് താത്കാലികമായി മുളവേലിയെങ്കിലും കെട്ടി സംരക്ഷണം ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: