കണ്ണൂർ വിമാനത്താവളം കാലിബ്രേഷൻ പരിശോധന വിജയകരം

കണ്ണൂർ: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ കാലിബ്രേഷന്‍ വിമാനം ഉപയോഗിച്ചു നടത്തിയ

ക്ഷമതാ പരിശോധന വിജയകരം. ബീച്ച് ക്രാഫ്റ്റ് വിഭാഗത്തിലെ ബി 350 എന്ന ചെറുവിമാനം ഉപയോഗിച്ചാണ് വിമാനത്താവളത്തില്‍ സ്ഥാപിച്ച ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം (ഐഎല്‍എസ്) ഉള്‍പ്പെടെയുള്ള വിവിധ ഉപകരണങ്ങളുടെ പരിശോധന നടത്തിയത്. ആദ്യം ഇന്നലെ പരിശോധന നടത്തുമെന്നായിരുന്നു എയര്‍പോര്‍ട്ട് അഥോറിട്ടി അറിയിച്ചത്. എന്നാല്‍, കാലാവസ്ഥ പ്രതികൂലമായതിനാലാണ് പരിശോധന ഇന്നത്തേക്ക് മാറ്റിയത്.
ഗ്ലൈഡ് പാത്ത്, വിവിധ സിഗ്‌നല്‍ ലൈറ്റുകള്‍, ലോക്കലൈസര്‍ തുടങ്ങിയ ഉപകരണങ്ങളുടെ ക്ഷമതയും സംഘം പരിശോധിച്ചു. രണ്ടുദിവസങ്ങളിലായി വിവിധ ഉയരത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിനു ചുറ്റും അഞ്ചുമണിക്കൂറോളമാണ് ഇവര്‍ വിമാനം പറത്തിയത്. സാങ്കേതിക മികവില്‍ മാത്രമല്ല, ആകാശത്തുനിന്നുള്ള കാഴ്ചയിലും കണ്ണൂര്‍ വിമാനത്താവളം അതിമനോഹരമാണെന്നു സംഘം പറഞ്ഞു.
ഡല്‍ഹിയിലെത്തിയശേഷം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് അന്തിമ പരിശോധനയ്ക്കായി ഡിജിസിഎ സംഘം കണ്ണൂരിലെത്തും. ഇതോടെ കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ ഉദ്ഘാടനം ഉടന്‍ തന്നെഉണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: