തലശേരി – മാഹി ബൈപ്പാസ് നഷ്ടപരിഹാരം: ദുരിതത്തിന് അറുതിയായി
മാഹി: തലശേരി-മാഹി ബൈപ്പാസ് പദ്ധതിയിലെ മാഹിയിലെ ഭൂവുടമകളുടെ നാല് പതിറ്റാണ്ട് കാലത്തെ ദുരിതത്തിനും കണ്ണീരിനും അവസാനമായി. ഇന്നലെ രാവിലെ പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമിയുടെ സാന്നിധ്യത്തിൽ നടന്ന ഉന്നതതല ചർച്ചയിലാണ് തീരുമാനം.
ഹൈവേ അഥോറിറ്റിയുടെ ഡൽഹി, ചെന്നൈ, കോഴിക്കോട്, വില്ലുപുരം എന്നിവിടങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലെ നിർദേശങ്ങൾ അംഗീകരിക്കുകയായിരുന്നു. നേരത്തെ ജില്ലാതല പർച്ചേസ് കമ്മിറ്റി നിശ്ചയിച്ച 74 കോടി രൂപയും ഈ സംഖ്യ നിശ്ചയിച്ചത് മുതലുള്ള പലിശയും നഷ്ടപരിഹാരമായി നൽകാമെന്ന തീരുമാനം ഹൈവേ അഥോറിറ്റി അധികൃതർ അംഗീകരിച്ചു.
കേരളത്തിൽ നൽകിയതിലും കൂടുതൽ തുക നഷ്ടപരിഹാരമായി നൽകാനാവില്ലെന്നും മറ്റുമുള്ള തടസവാദങ്ങൾ ചർച്ചയുടെ തുടക്കത്തിൽ ഹൈവേ അഥോറിറ്റി ഉയർത്തിയിരുന്നു. എന്നാൽ മയ്യഴിയും കേരളവും തമ്മിലുള്ള വ്യത്യാസങ്ങൾ വിശദീകരിച്ച് കൊണ്ട് മുഖ്യമന്ത്രിയെടുത്ത ശക്തമായ നിലപാടിനെ തുടർന്ന് ഹൈവേ അഥോറിറ്റി ഒടുവിൽ 74 കോടി രൂപയും പലിശയും നൽകാമെന്ന് സമ്മതിക്കുകയായിരുന്നു.
2014ൽ ബാധകമായ ഹൈവേ ആക്ട് പ്രകാരം ഒമ്പത് ശതമാനം പലിശ മാത്രമേ നൽകാനാവൂ എന്ന നിലപാടിലായിരുന്നു ഹൈവേ അധികൃതർ. അതേ സമയം 2013 ലെ പുതിയ ലാൻഡ് അക്വിസിഷൻ ആക്ട് അനുസരിച്ച് 12 ശതമാനമാണ് പലിശ നൽകേണ്ടത്. ഉദ്യോഗസ്ഥതലത്തിൽ ഇക്കാര്യത്തിലുള്ള തീരുമാനമെടുത്ത ശേഷം ഹൈവേ അധികൃതർ മുഖ്യമന്ത്രിയെ വിവരം അറിയിക്കും.
മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന ചർച്ചയിൽ മന്ത്രിമാരായ എം.ഒ.എച്ച്.ഷാജഹാൻ, എം.നമശിവായ, പോണ്ടിച്ചേരി ഡവലപ്പ്മെന്റ് കമ്മീഷണർ നരേന്ദ്രകുമാർ, നിയമ സെക്രട്ടറി സെന്തിൽകുമാർ, ഫിനാൻസ് ആൻഡ് റവന്യു സെക്രട്ടറി കന്തവേലു, ഡോ.വി.രാമചന്ദ്രൻ എംഎൽഎ, കർമസമിതി ഭാരവാഹികളായ ടി.കെ.ഗംഗാധരൻ, കണ്ണിപ്പൊയിൽ ബാബു, എ പി.അശോകൻ, ടി.അശോക് കുമാർ, ബിജെപി നേതാക്കളായ സത്യൻ കുനിയിൽ, വിജയൻ പൂവച്ചേരി എന്നിവർ സംബന്ധിച്ചു.