തോക്ക് പിടിച്ച കൈകളിൽ തൂമ്പയുമായി വി ടി മാത്യു

0


22 വർഷം നാടിന് കാവലായി അതിർത്തി രക്ഷാസേനയിൽ പ്രവർത്തിച്ച വി ടി മാത്യു ഇന്ന് ജില്ലയിലെ മികച്ച സംയോജിത കർഷകരിലൊരാളാണ്. ഏരുവേശ്ശി പൂപ്പറമ്പ് സ്വദേശിയായ ഇദ്ദേഹത്തിന്റെ പറമ്പിൽ വിവിധയിനം കൃഷികളാണ് പരീക്ഷിച്ച് വിജയിച്ചത്. കുരുമുളക്, അറേബ്യൻ കാപ്പി, തെങ്ങ്, കവുങ്ങ്, റബ്ബർ ഉൾപ്പടെ നാണ്യവിളകളും, മുന്തിരി മുതൽ ഡ്രാഗൺ ഫ്രൂട്ട് വരെയുള്ള വിവിധയിനം പഴവർഗങ്ങളും, പച്ചക്കറികളും, ഔഷധ സസ്യങ്ങളും അദ്ദേഹത്തിന്റെ കൃഷിയിടത്തിലുണ്ട്. 1989ൽ 21ാമത്തെ വയസ്സിലാണ് മാത്യു അതിർത്തി രക്ഷാ സേനയിൽ ചേർന്നത്. 22 വർഷത്തെ സേവനത്തിന് ശേഷം 2011 മുതൽ കാർഷിക മേഖലയിൽ സജീവമായി. വീടിനോട് ചേർന്ന അര ഏക്കറിലായിരുന്നു കൃഷിയുടെ തുടക്കം. കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ സഹായത്തോടെ നടപ്പിലാക്കിയ ശാസ്ത്രീയരീതികൾ വഴി കഴിഞ്ഞ മൂന്ന് വർഷമായി ഉല്പാദന, വരുമാന വർദ്ധനവുണ്ടാക്കാൻ മാത്യുവിന് സാധിച്ചു. കൃത്യമായ പരിപാലനവും ഓരോ പുരയിടത്തിനനുസരിച്ചുള്ള ശാസ്ത്രീയ രീതികളും അവലംബിച്ചാൽ കൃഷി എന്നും ലാഭകരമാണെന്ന് മാത്യു പറയുന്നു.അത്യുൽപാദന ശേഷിയുള്ളതും കീടരോഗപ്രതിരോധ ശക്തിയുള്ളതുമായ മൂന്ന് ഇനം മരച്ചീനി, മൂന്ന് വ്യത്യസ്ത തരത്തിലുള്ള കൂവ, നീലിമ എന്ന ഔഷധ ഗുണമുള്ള കാച്ചിൽ, ഗജേന്ദ്ര ചേന ഉൾപ്പടെ പറമ്പിലെ പരീക്ഷണങ്ങളേറെയാണ്. കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ മറ്റു കർഷകർക്ക് കൂടി ലഭ്യമാകുന്ന തരത്തിൽ പങ്കാളിത്ത വിത്തുൽപാദന കേന്ദ്രമായി മാറിയെന്നതും ഈ കർഷകന്റെ നേട്ടമാണ്. കൂടാതെ സംയോജന കൃഷി രീതികളിൽ ഉൾപ്പെടുത്തി മീൻ, മുയൽ, കോഴി കൃഷി, തേനീച്ച വളർത്തൽ എന്നിവയും തുടർന്നു വരുന്നു. കൃഷി വികസിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടേക്കർ കൃഷിയിടം പാട്ടത്തിനെടുത്തു. ഒരേക്കറിൽ പൂർണമായി കരനെൽ കൃഷിയും,  ബാക്കി സ്ഥലത്ത് കപ്പ, മഞ്ഞൾ, കൂവ, ചേന, ചേമ്പ്, കാച്ചിൽ, വാഴ ഉൾപ്പടെയുള്ള കൃഷിയും ചെയ്തു വരുന്നു.  

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading