കാഞ്ഞങ്ങാട് നമ്പ്യാര ടുക്കത്ത് യുവാവിനെ വെട്ടിക്കൊന്നു; ബന്ധു ഒളിവിൽ

അമ്പലത്തറ: കിടപ്പുമുറിയിലെ കട്ടിലിൽ യുവാവിനെ കഴുത്തിന് വെട്ടി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.ചാലിങ്കാല്‍ രാവണേശ്വരം റോഡില്‍ നമ്പ്യാരടുക്കം സുശീലഗോപാലന്‍ നഗറിലെ പൊന്നപ്പൻ – കമലാവതി ദമ്പതികളുടെ മകൻ നീലകണ്ഠനെ (37) യാണ് വെട്ടേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് പുലർച്ചെ വീട്ടിലെത്തിയ ബന്ധുവാണ് മൃതദേഹം ആദ്യം കണ്ടത്.തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. അതേ സമയം വീട്ടിൽ യുവാവിനൊപ്പം താമസിച്ച സഹോദരി ഭർത്താവ് നാട്ടിൽ നിന്നും മുങ്ങി. ഇയാളെ കണ്ടെത്താൻ അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ ടി.കെ.മുകുന്ദനും സംഘവും തെരച്ചിൽ ഊർജിതമാക്കി. ഇയാളുടെ കൂടെ താമസിച്ചിരുന്ന സഹോദരി സുശീലയുടെ ഭര്‍ത്താവ് രമേശനെയാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഇന്ന് രാവിലെ നീലകണ്ഠന്റെ മരുമക്കള്‍ ചായയുമായി വന്നപ്പോഴാണ് കിടപ്പുമുറിയിലെ കട്ടിലില്‍ നീലകണ്ഠന്‍ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടത് .ഭാര്യ. ആശ.ഒരു മകളുണ്ട്. സഹോദരങ്ങൾ: സുശീല, ലീലാവതി. സംഭവം നടക്കുമ്പോൾ ഭാര്യ ആശ കർണ്ണാടകയിലെ സ്വന്തം വീട്ടിലായിരുന്നു.

നീലകണ്ഠനെ വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ച വെട്ടുകത്തി വീട്ടുപറമ്പില്‍ നിന്നും പോലീസ് കണ്ടെടുത്തു. ഏതാനും ദിവസങ്ങളായി നീലകണ്ഠനും ബാംഗ്ലൂര്‍ സ്വദേശിയായ രമേശനും ഈ വീട്ടില്‍ തനിച്ചാണ് താമസം. രമേശന്റെ ഭാര്യയും നീലകണ്ഠന്റെ ഭാര്യയും കുട്ടിയും ബാംഗ്ലൂരിലെ വീട്ടിലേക്ക് പോയതായിരുന്നു. പതിവായി നടക്കാന്‍ പോകാറുള്ള രമേശന്‍ ഇന്ന് രാവിലെയും നടക്കുന്നത് കണ്ടവരുണ്ട്. പതിവിന് വിപരീതമായി ഇന്ന് കയ്യില്‍ ഒരു ബാഗുമുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവമറിഞ്ഞ് ബേക്കല്‍ ഡിവൈഎസ്പി സി.കെ.സുനില്‍കുമാര്‍, സ്‌പെഷ്യല്‍ബ്രാഞ്ച് ഡിവൈഎസ്പി പി.കെ.സുധാകരന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. കണ്ണൂരില്‍ നിന്നും ഫോറന്‍സിക് വിദഗ്ധരും കാസര്‍കോട്ടുനിന്നും പോലീസ് നായയും സ്ഥലത്തെത്തി തെളിവെടുത്തു. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

1 thought on “കാഞ്ഞങ്ങാട് നമ്പ്യാര ടുക്കത്ത് യുവാവിനെ വെട്ടിക്കൊന്നു; ബന്ധു ഒളിവിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: