കൊവിഡ് ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കില്‍ നടപടി: ജില്ലാ കലക്ടര്‍
ജില്ലയില്‍ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അധ്യാപകരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി മുമ്പാകെ ഹാജരാവാന്‍ ബാക്കിയുള്ള മുഴുവന്‍ പേരും എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഡ്യൂട്ടിക്ക് ഹാജരാവാത്തവര്ക്കെതിരേ ദുരന്ത നിവാരണ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം നടപടിയെടുക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്കി.
ജാഗ്രതാ സമിതിയുടെ ഭാഗമായി ക്വാറന്റൈന് നടപടികളും കൊവിഡ് മാനദണ്ഡങ്ങളും പൂര്‍ണമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും കൊവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിക്കുന്നതിന് അധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിച്ച് നേരത്തേ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഇവരില്‍ ചിലര്‍ ഡ്യൂട്ടിക്ക് ഹാജരായിട്ടില്ലെന്ന തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടറുടെ നടപടി.