എആര്‍ ക്യാംപിലെ പോലീസുകാരന്റെ മരണം : അന്വേഷണത്തില്‍ അതൃപ്തിയുണ്ടെന്ന് കുമാറിന്റെ കുടുംബം

കല്ലേക്കാട് എ.ആര്‍.ക്യാമ്ബിലെ സിവില്‍ പോലീസ് ഓഫീസര്‍ അട്ടപ്പാടി സ്വദേശി കുമാറിന്റെ മരണത്തിന് ഉത്തരവാദികളായ മേലുദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഭാര്യ സജിനി. പ്രതികള്‍ പോലീസുകാരായതിനാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇവരെ ഉടനെ അറസ്റ്റ് ചെയ്യണം. ഇപ്പോഴുള്ള അന്വേഷണത്തില്‍ തൃപ്തയല്ലെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സജിനി ആവശ്യപ്പെട്ടു.
സംഭവത്തില്‍ പത്തുദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്.സി-എസ്.ടി കമ്മിഷന്‍ ജില്ലാ കലക്ടറോടും പോലീസ് മേധാവിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. വരുംദിവസങ്ങളില്‍ കമ്മിഷന്‍ കല്ലേക്കാട് ക്യാമ്ബും സന്ദര്‍ശിക്കും.അതേസമയം, കേസില്‍ വഴിത്തിരിവാകുന്ന കുമാറിന്റെ ആത്മഹത്യാ കുറിപ്പ് കഴിഞ്ഞദിവസം വൈകീട്ട് ലക്കിടി റെയില്‍വേ സ്റ്റേഷനിലെ പാളത്തിന് സമീപത്തു നിന്ന് പോലീസ് കണ്ടെത്തി. ആത്മഹത്യാകുറിപ്പിലെ കൈപ്പട കുമാറിന്റേത് തന്നെയെന്ന് കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കുടുംബം ആരോപിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് മൂന്നുപേജുള്ള ആത്മഹത്യാക്കുറിപ്പിലുള്ളതെന്നാണ് സൂചന.മാസങ്ങളായി താന്‍ അനുഭവിച്ചിരുന്ന വംശീയഅധിക്ഷേപവും മാനസിക ശാരീരിക പീഡനങ്ങളുമാണ് കത്തിന്റെ ഉള്ളടക്കമെന്നും മേലുദ്യോഗസ്ഥരില്‍ ചിലരുടെ പേരും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പീഡന വിവരം നേരത്തെ അറിഞ്ഞിട്ടും പരാതി നല്‍കാതിരുന്നത് വീണ്ടും ക്യാമ്ബില്‍ ഇതിനെചൊല്ലി പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനാണെന്നും സജിനി പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് കിട്ടിയ സാഹചര്യത്തില്‍ അതുകൂടി ഉള്‍ക്കൊള്ളിച്ചാവും അന്വേഷണമെന്ന് തൃശൂര്‍ റേഞ്ച് ഡി.ഐ.ജി വ്യക്തമാക്കി.ഇക്കഴിഞ്ഞ 25ന് രാത്രിയാണ് കുമാറിനെ ലക്കിടിക്ക് സമീപം ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. ക്യാമ്ബില്‍ നേരിട്ട വംശീയവിവേചനവും പീഡനവുമാണ് മരണത്തിന് കാരണമെന്ന് തുടക്കം മുതലേ കുടുംബം ആരോപിച്ചിരുന്നു. കുമാറിന്റെ വീട്ടുകാരുടെ പരാതിയിന്മേല്‍ പാലക്കാട് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.ക്യാമ്ബിലെ മൊഴിയെടുപ്പും പരിശോധനയും ഉടന്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് റേഞ്ച് ഡി.ഐ.ജിയുടെ നിര്‍ദ്ദേശം. അസ്വാഭാവിക മരണത്തെക്കുറിച്ച്‌ ഒറ്റപ്പാലം സി.ഐയുടെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: