ഉന്നാവോ കേസില്‍ ശക്തമായ ഇടപെടലുമായി സുപ്രീം കോടതി: വിചാരണ യു.പിക്ക് പുറത്തേക്ക്

ഉന്നാവോ പീഡനക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ശക്തമായ ഇടപെടലുമായി സുപ്രീം കോടതി. പരാതിക്കാരിയുടെ കുടുംബം നല്‍കിയ കത്ത് കേസ് അന്വേഷിക്കുന്ന സി.ബി.ഐയ്‌ക്ക് കൈമാറും. കേസിലെ അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണം. അന്വേഷണ വിവരങ്ങള്‍ പുറത്തുവിടരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. നിലവില്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷണം ഏതുവരെയായി എന്ന് വ്യക്തമാക്കാന്‍ ഇന്ന് തന്നെ മുതിര്‍ന്ന സി.ബി.ഐ ഉദ്യോഗസ്ഥന്‍ ഹാജരാകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. കേസിന്റെ വിചാരണ യു.പിക്ക് പുറത്തേക്ക് മാറ്റണെന്നും കോടതി വ്യക്തമാക്കി. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് നാല് കേസുകള്‍ ലക്‌നൗ കോടതിയാണ് പരിഗണിക്കുന്നത്. യു.പിക്ക് പുറത്തേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇന്ന് തന്നെ പുറപ്പെടുവിക്കുമെന്നാണ് വിവരം. കേസില്‍ മുഖ്യപ്രതിയായി ജയിലില്‍ കഴിയുന്ന ബി. ജെ. പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാറില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്നറിയിച്ച്‌ ഇരയായ പെണ്‍കുട്ടിയും കുടുംബവും ചീഫ് ജസ്റ്റിസിന് അയച്ച കത്ത് പരിഗണിക്കുകയായിരുന്നു കോടതി.കത്ത് തന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ വൈകിയതില്‍ സെക്രട്ടറി ജനറലിനോട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിശദീകരണം തേടിയിരുന്നു. എന്തുകൊണ്ടാണ് ചൊവ്വാഴ്ച നാലു മണിവരെ കത്ത് ചീഫ് ജസ്റ്റിസിനെയോ ബെഞ്ചിനെയോ അറിയിക്കാതിരുന്നതെന്ന് വിശദീകരിക്കണം. ജൂലായ് 30നാണ് കത്തിനെക്കുറിച്ച്‌ അറിഞ്ഞത്. ഇതുവരെ കത്ത് കണ്ടിട്ടില്ല. കത്ത് കിട്ടിയിട്ടും താന്‍ നടപടിയെടുത്തില്ലെന്ന് പത്രങ്ങളെഴുതിയെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. കുല്‍ദീപ് സിംഗിന്റെ കൂട്ടാളികള്‍ ജൂലായ് ഏഴിനും എട്ടിനും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് കത്തില്‍ പറയുന്നത്. ഹിന്ദിയിലുള്ള കത്തില്‍ പെണ്‍കുട്ടിയും അമ്മയും അമ്മായിയുമാണ് ഒപ്പിട്ടിരിക്കുന്നത്. ജൂലായ് 12ന് അയച്ച കത്ത് 17ന് സുപ്രീംകോടതിക്ക് ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. പോക്സോ കേസുകള്‍ക്ക് കോടതി നിയമിച്ച അമിക്കസ് ക്യൂറി വി. ഗിരി ഉന്നാവോ കേസ് ഇന്നലെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് കത്തില്‍ സുപ്രീംകോടതി സ്വമേധയാ നടപടികള്‍ തുടങ്ങിയത്. കത്ത് ശ്രദ്ധയില്‍പ്പെടുത്തുന്നതില്‍ വീഴ്ചയില്ലെന്നും ചീഫ് ജസ്റ്റിസിനും ജഡ്‌ജിമാര്‍ക്കും ദിവസേന നൂറുകണക്കിന് കത്തുകളാണ് ലഭിക്കുന്നതെന്നുമാണ് രജിസ്ട്രി ഉദ്യോഗസ്ഥരുടെ വിശദീകരണം. കത്തിന്റെ പകര്‍പ്പ് യു.പി അധികൃതര്‍ക്കും അലഹബാദ് ഹൈക്കോടതിക്കും നല്‍കിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: