കണ്ണൂർ വിമാനത്താവളം: സെപ്റ്റംബർ പതിനഞ്ചിനകം അന്തിമ ലൈ‍സൻസ് അനുവദിക്കുമെന്ന് വ്യോമയാന സെക്രട്ടറിയുടെ ഉറപ്പ്.

വ്യോമയാന മന്ത്രാലയത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് സെപ്റ്റംബർ പതിനഞ്ചിനകം

അന്തിമ ലൈ‍സൻസ് അനുവദിക്കുമെന്ന് വ്യോമയാന സെക്രട്ടറി ഉറപ്പ് നൽകി. ബന്ധപ്പെട്ട എല്ലാ ഏജൻസികളുടെയും അനുമതികൾ ഇതിനു മുൻപായി ലഭ്യമാക്കാനും യോഗത്തിൽ ധാരണയായി. ഓരോ ലൈസൻ‍സുകളും ലഭ്യമാക്കേണ്ട തീയതികളും തീരുമാനമായിട്ടുണ്ട്.‌ വിദേശ കമ്പനികളുടെ വിമാനങ്ങൾക്ക് അനുമതി നൽകുന്ന കാര്യം പരിഗണനയിലാണ്,
രാജ്യത്തിനകത്തെ സർവീസുകൾക്കും വിദേശത്തേക്കു പറക്കുന്ന ഇന്ത്യൻ വിമാനങ്ങൾക്കും അനുമതി നൽകിക്കഴിഞ്ഞു. ഉഡാൻ പദ്ധതിയുടെ പരിമിതികൾ മനസ്സിലാക്കി പുതുക്കിയ വ്യവസ്ഥകൾ വ്യോമയാന മന്ത്രാലയം യോഗത്തിൽ അവതരിപ്പിച്ചു. ഇക്കാര്യത്തിൽ കിയാൽ ഡയറക്ടർ ബോർഡും സംസ്ഥാന സർക്കാരും വൈകാതെ തീരുമാനമെടുക്കും.
വ്യോമയാന സെക്രട്ടറി രാജീവ് നയൻ ചൗബേ അധ്യക്ഷത വഹിച്ച യോഗത്തിൽ കേന്ദ്ര സർക്കാർ ഏജൻസികളായ എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി, സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്, ഡയറക്ടറേറ്റ് ജനറൽ സിവിൽ ഏവിയേഷൻ, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ, മിനിസ്‌ട്രി ഓഫ് ഡിഫൻസ്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, കസ്റ്റംസ് തുടങ്ങിയവയുടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ്, ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, കിയാൽ മാനേജിങ് ഡയറക്ടർ വി.തുളസീദാസ്, ഡൽഹിയിലെ സ്പെഷൽ ഓഫിസർ എ.കെ.വിജയകുമാർ, ചീഫ് പ്രൊജക്ട് എൻജിനീയർ ഇൻ ചാർജ് കെ.എസ്.ഷിബുകുമാർ, കേരള ഹൗസ് റസിഡന്റ് കമ്മിഷണർ പുനിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: