രാഹുൽ ഗാന്ധി എം.പി കണ്ണൂരിലെത്തി, 11 മണിയോടെ വയനാട്ടിലേക്ക്

0

കല്‍പറ്റ: രാഹുൽ ഗാന്ധി എം.പി വയനാട്ടിൽ മൂന്നു ദിവസത്തെ സന്ദർശനത്തിനായി കണ്ണൂരിൽ വിമാനമിറങ്ങി. 8.30നാണ് കണ്ണൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയത്. വിമാനത്താവളത്തിൽ നിന്ന നേരെ മട്ടന്നൂരിലെ സ്വകാര്യ ഹോട്ടലിലേക്കാണ് പോയത്. അവിടെ പ്രഭാത ഭക്ഷണത്തിനു ശേഷം 11 മണിയോടു കൂടി മാനന്തവാടിയിലേക്ക് തിരിക്കും. കെ.സി. വേണുഗോപാലും കെ. സുധാകരനുമടക്കമുള്ള നേതാക്കൾ രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ട്.

കനത്ത സുരക്ഷയാണ് എയർപോർട്ടിലും പരിസരത്തും വിന്യസിച്ചിരിക്കുന്നത്. കണ്ണൂരിൽ വയനാട് അതിർത്തി വരെ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

രാവിലെ 11.45ന് മാനന്തവാടി ഒണ്ടയങ്ങാടി സെന്റ്മാര്‍ട്ടിന്‍ പള്ളി പാരീഷ്ഹാളില്‍ നടക്കുന്ന ഫാര്‍മേഴ്സ് ബാങ്ക് ബില്‍ഡിങ്ങിന്റെ ഉദ്ഘാടനമാണ് ജില്ലയിലെ ആദ്യപരിപാടി. രാഹുൽ പങ്കെടുക്കുന്ന പരിപാടികളിൽ കനത്ത സുരക്ഷയാണൊരുക്കുന്നത്. എസ്.എഫ്.ഐ പ്രവർത്തകർ ഓഫിസ് ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് രാഹുൽ മണ്ഡലത്തിലെത്തുന്നത്.

ഉച്ചക്ക് 2.30ന് വയനാട് കലക്ടറേറ്റിൽ നടക്കുന്ന ദിശ മീറ്റിങ്ങില്‍ പങ്കെടുക്കും. 3.30ന് എം.പി ഫണ്ട് അവലോകന യോഗത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ഗാന്ധി തുടര്‍ന്ന് സുല്‍ത്താന്‍ബത്തേരി ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ബഹുജനസംഗമത്തിലും സംബന്ധിക്കും. ശനിയാഴ്ച രാവിലെ 11ന് സുല്‍ത്താന്‍ബത്തേരി നെന്മേനി ഗ്രാമപഞ്ചായത്തിലെ കോളിയാടിയില്‍ നടക്കുന്ന തൊഴിലുറപ്പ് തൊഴിലാളി സംഗമത്തില്‍ പങ്കെടുക്കും.

തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ നടക്കുന്ന യു.ഡി.എഫ് പൊതുയോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ഞായറാഴ്ച രാവിലെ 9.30ന് നിലമ്പൂര്‍ കരുളായി ഗ്രാമപഞ്ചായത്തിലെ അമ്പലപ്പടി-വലാമ്പുറം-കൊട്ടന്‍പാറ റോഡ് ഉദ്ഘാടനമാണ് രാഹുല്‍ഗാന്ധിയുടെ ആദ്യപരിപാടി. തുടര്‍ന്ന് 11.35ന് വണ്ടൂര്‍ ചോക്കാട് ടൗണില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന ആംബുലന്‍സ് ആൻഡ് ട്രോമ കെയര്‍ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കും.

ഉച്ചക്കുശേഷം മൂന്നിന് വണ്ടര്‍ മാമ്പാട് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ നൂറ് ശതമാനം മാര്‍ക്ക് വാങ്ങിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിലും പങ്കെടുക്കും. വൈകീട്ട് 4.15ന് വണ്ടൂര്‍ ഗോള്‍ഡന്‍വാലി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വിവിധ ക്ലബുകള്‍ക്കുള്ള ജഴ്സി വിതരണചടങ്ങും രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും.

വൈകീട്ട് 5.10ന് വണ്ടൂര്‍ പോരൂര്‍ പുളിയക്കോട് കെ.ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പി.എം.കെ.എസ്.വൈ പദ്ധതി പ്രകാരം വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. തുടർന്ന് ഡൽഹിയിലേക്ക് മടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading