കാരുണ്യ സുരക്ഷാ പദ്ധതി ഇന്ന് മുതല്‍ സര്‍ക്കാര്‍ നേരിട്ട് നടത്തും

കാരുണ്യ സുരക്ഷാ പദ്ധതി ഇന്ന് മുതല്‍ സര്‍ക്കാര്‍ നേരിട്ട് നടത്തും

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടത്തിപ്പ് ഇന്ന് മുതല്‍ സര്‍ക്കാര്‍ നേരിട്ട് നടത്തും. ഇനി മുതല്‍ ചികിത്സ ചെലവ് ആശുപത്രികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നല്‍കുന്ന അഷുറന്‍സ് രീതിയിലാണ് കാരുണ്യ പദ്ധതി നടപ്പാക്കുക. സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി എന്ന പേരില്‍ സ്വതന്ത്ര ഏജന്‍സിയുടെ നിയന്ത്രണത്തിലാകും പദ്ധതി നടത്തിപ്പ്. ചെലവായ തുക തിരികെ കിട്ടാന്‍ വൈകിയാല്‍ പദ്ധതിയുമായി സഹകരിക്കില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വരെ ഇന്‍ഷുറന്‍സ് മാതൃകയില്‍ പ്രവര്‍ത്തിച്ചിരുന്ന കാരുണ്യ പദ്ധതി അഷുറന്‍സ് മാതൃകയിലേക്ക് മാറിയപ്പോള്‍ റിലയന്‍സ് കമ്പനിയെ ഒഴിവാക്കി. പകരം പദ്ധതി നടത്തിപ്പ് സ്‌റ്റേറ്റ് ഹെല്‍ത് ഏജന്‍സിക്ക് നല്‍കി. കഴിഞ്ഞ നവംബറില്‍ സ്‌റ്റേറ്റ് ഹെല്‍ത് ഏജന്‍സി രൂപീകരിക്കാന്‍ തീരുമാനിച്ചെങ്കിലും രണ്ട് മാസം മുന്‍പാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.

പദ്ധതി നടത്തിപ്പിനായി സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി രൂപീകരിച്ചെങ്കിലും മുന്‍കൂര്‍ പണം നല്‍കാന്‍ ഏജന്‍സിക്ക് ഫണ്ട് അനുവദിച്ചിട്ടില്ലെന്നത് തിരിച്ചടിയാകും.

188 സര്‍ക്കാര്‍ ആശുപത്രികളും 214 സ്വകാര്യ ആശുപത്രികളുമാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. അഞ്ച് ലക്ഷം രൂപയുടെ ചികില്‍സ സഹായം 41.64 ലക്ഷം കുടുംബങ്ങള്‍ക്ക് ലഭ്യമാകുന്നതാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി.

എല്ലാ സാമൂഹ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളും സംയോജിപ്പിച്ച്‌ കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാന സര്‍ക്കാര്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആരംഭിച്ചത്. ഒരു കുടുംബത്തിന് വര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതാണ് പദ്ധതി.

കരാറനുസരിച്ച്‌ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സായിരുന്നു ആദ്യ സേവന ദാതാക്കള്‍. വിവിധ ചികിത്സകള്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക പര്യാപ്തമല്ല എന്നതടക്കം പല പരാതികളുമുയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പദ്ധതി നേരിട്ട് നടത്താന്‍ തീരുമാനിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: