ക്ഷേമപെന്‍ഷന്‍ തട്ടിയെടുത്തു; സിപിഎം തലശ്ശേരി ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം അറസ്റ്റില്‍

സാമൂഹിക ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ ക്രമക്കേട് നടത്തിയ കേസില്‍ സി.പി.എം തലശ്ശേരി ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം അറസ്റ്റില്‍. ചിറക്കര ആലക്കാടന്‍ വീട്ടില്‍ കെ കെ ബിജുവിനെയാണ് അറസ്റ്റ് ചെയ്തത്. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
തലശ്ശേരി സഹകരണ റൂറല്‍ ബാങ്കിലെ ദിനനിക്ഷേപ പിരിവുകാരനായ ബിജുവിനെ കുഴിപ്പങ്ങാട്, പള്ളിത്താഴെ ഭാഗങ്ങളില്‍ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ ചുമതലപ്പെടുത്തിയിരുന്നു. 119 ഗുണഭോക്താക്കള്‍ക്കായി ആറുലക്ഷം രൂപയാണ് ഇതിനായി ബാങ്ക് ബിജുവിനെ ഏല്‍പ്പിച്ചത്. ഇതില്‍ 31,000രൂപ ബിജു ബാങ്കില്‍ തിരിച്ചേല്‍പ്പിച്ചു. പെന്‍ഷന്‍ കിട്ടാത്ത ഗുണഭോക്താവ് ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് പെന്‍ഷന്‍ വിതരണത്തില്‍ ക്രമക്കേട് നടന്നതായി മനസിലായത്. രണ്ടാഴ്ച മുന്‍പ് ബാങ്ക് തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്.ബിജുവിന്റെ കൈയ്യില്‍ ബാങ്ക് വിതരണത്തിനേല്‍പ്പിച്ച പണം എത്രപേര്‍ക്ക് നല്‍കിയെന്നും നിശ്ചയിച്ച തുക തന്നെ ഗുണഭോക്താക്കള്‍ക്ക് നല്‍കിയോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ബിജു മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയെങ്കിലും ജില്ലാ കോടതി തള്ളിയിരുന്നു. ഒളിവിലായിരുന്ന ബിജുവിനെ പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന ബിജുവിനെ അന്വേഷണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: