ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും  ക്ലാസ് അറ്റ് ഹോം സൗകര്യം ഉറപ്പാക്കും

ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ക്ലാസ് അറ്റ് ഹോം സൗകര്യം ഉറപ്പാക്കാനാവശ്യമായ നടപടികള്‍ക്ക് പൊതു വിദ്യാഭ്യാസ സംരക്ഷണ ജില്ലാതല സമിതി അധ്യക്ഷന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗം രൂപം നല്‍കി. പരമാവധി വിദ്യാര്‍ഥികള്‍ക്ക് സ്വന്തം വീടുകളിലോ അയല്‍വീടുകളിലോ തന്നെ ഇരുന്ന് ക്ലാസുകളില്‍ പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കാനാണ് തീരുമാനം. തദ്ദേശസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ വകുപ്പ്, പട്ടികവര്‍ഗ വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, യുവജനക്ഷേമ ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെ ഇതിനാവശ്യമായ സംവിധാനങ്ങള്‍ ശനിയാഴ്ചക്കകം തന്നെ ഒരുക്കാനാണ് ആലോചന. ഈയാഴ്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ ട്രയലാണ് നടക്കുന്നത്. പോരായ്മകള്‍ പരിഹരിച്ച് അടുത്ത ആഴ്ചമുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
വീടുകളില്‍ ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്ത വിദ്യാര്‍ഥികളുടെ കണക്ക് വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ആദിവാസി മേഖലകളിലെ ഇത്തരം വിദ്യാര്‍ഥികളുടെ വിവരം പട്ടികവര്‍ഗ വകുപ്പും പ്രത്യേകമായി ശേഖരിച്ചിട്ടുണ്ട്. ഇവര്‍ക്ക് ടി വി ലഭ്യമാക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ മുന്‍കൈയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. പഞ്ചായത്ത് തല വിദ്യാഭ്യാസ സമിതിക്കായിരിക്കും ഇതിന്റെ മേല്‍നോട്ട ചുമതല. വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, ലൈബ്രറി കൗണ്‍സില്‍ പ്രതിനിധി, യുവജന ക്ഷേമബോര്‍ഡ് വളണ്ടിയര്‍ എന്നിവരടങ്ങിയ സമിതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഇവര്‍ അതത് പ്രദേശങ്ങളിലെ വിദ്യാര്‍ഥികളുടെ സ്ഥിതി വിലയിരുത്തി ക്ലാസുകള്‍ ലഭ്യമാകാത്തവരെ കണ്ടെത്തും. ്രപാദേശിക തലത്തില്‍ തന്നെ ഇവര്‍ക്ക് ആവശ്യമായ ടി വി സമാഹരിച്ച് നല്‍കാനുള്ള ശ്രമവും നടത്തും. 
ഇത് പൂര്‍ണമായി സാധിക്കുന്നില്ലെങ്കില്‍ കോളനികളും ഇത്തരം പ്രദേശങ്ങളും കേന്ദ്രീകരിച്ച് പൊതുവായ സ്ഥലം കണ്ടെത്തി ക്ലാസുകള്‍ക്ക് സൗകര്യം ഒരുക്കും. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരമുള്ള ക്രമീകരണങ്ങളോടെ നിശ്ചിത എണ്ണം വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചായിരിക്കും ക്ലാസുകള്‍. പ്രദേശത്തെ കമ്മ്യൂണിറ്റി ഹാളുകള്‍, പഠനമുറികള്‍ എന്നിവ ഇതിനായി ഉപയോഗപ്പെടുത്തും. നെറ്റ്‌വര്‍ക്ക് കണക്ഷന്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ക്കുള്ള സംവിധാനമായിരിക്കും ഒരുക്കുക. ഇതിനാവശ്യമായ ക്രമീകരണം സമഗ്ര ശിക്ഷാ അഭിയാനും പൊതു വിദ്യാഭ്യാസ വകുപ്പും സജ്ജമാക്കും. അതത് പ്രദേശത്തെ വായനശാലകളുടെ സാങ്കേതിക സംവിധാനവും ഉപയോഗപ്പെടുത്തും.
വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ വര്‍ഷം എടുത്ത കണക്ക് പ്രകാരം വിക്ടേഴ്‌സ് ചാനല്‍ ലഭ്യമല്ലാത്ത 7334 വിദ്യാര്‍ഥികളാണ് ജില്ലയില്‍ ഉള്ളത്. എല്ലാ കേബിള്‍ സേവന ദാതാക്കളും വിക്ടേഴേ്‌സ് ചാനല്‍ ലഭ്യമാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടണ്ട്. ഇതുപ്രകാരം ഇപ്പോള്‍ കൂടുതല്‍ പേര്‍ക്ക് ചാനല്‍ ലഭ്യമാണ്. ഇതിന്റെ കൃത്യമായ കണക്കെടുപ്പ് നടത്തി ബുധനാഴ്ചക്കകം ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ബിആര്‍സികള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ കണക്ക് പ്രകാരം ആദിവാസി മേഖലകളിലും ചില തീരദേശ മേഖലയിലുമാണ് വിക്ടേഴ്‌സ് ചാനല്‍ ലഭ്യമല്ലാത്ത വിദ്യാര്‍ഥികള്‍ കൂടുതലുള്ളത്.
ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമല്ലാത്ത ഒരു കുട്ടിപോലും ജില്ലയില്‍ ഇല്ലെന്ന് ഉറപ്പാക്കനാവശ്യമായ ഇടപെടല്‍ എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാനപങ്ങളുടെയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് യോഗത്തില്‍ നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി മനോജ്കുമാര്‍, എസ്എസ്‌കെ ജില്ലാ ്രെപാജക്ട് കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി പി വേണുഗോപാലന്‍, ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ ജാക്വിലിന്‍ ഷൈനി ഫെര്‍ണാണ്ടസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, ജില്ലാ പൊതുവിദ്യാഭ്യാസ കോ ഓര്‍ഡിനേറ്റര്‍ പി വി പ്രദീപന്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദ് പൃത്തിയില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ പത്മനാഭന്‍, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ ബൈജു എന്നിവര്‍ പങ്കെടുത്തു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: