വോട്ടെണ്ണല്‍: പരിശോധനകളും നിയമ നടപടികളും പോലീസ് കര്‍ശനമായി നടപ്പാക്കുമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആർ. ഇളങ്കോ ഐപിഎസ്

അനാവശ്യമായി വാഹനങ്ങളില്‍ കറങ്ങി നടക്കുന്നതു ശ്രദ്ധയില്‍ പെട്ടാല്‍ വാഹനങ്ങള്‍ കണ്ടുകെട്ടി കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണർ.

കണ്ണൂര്‍: നിയമ സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടാനുബന്ധിച്ചു ഞായറാഴ്ച കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍ പരിശോധനകള്‍ കര്‍ശനമാക്കും. കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍ മൂന്നു കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ചിന്മയ കോളേജ് ചിന്‍ ടെക്ക് ചാല, ഗവണ്‍മെന്‍റ് ബ്രണ്ണന്‍ കോളേജ് തലശ്ശേരി, നിര്‍മലഗിരി കോളേജ് കൂത്തുപറമ്പ എന്നിവിടങ്ങളിലായി പോലീസിന്റെ 3 ലേയര്‍ പരിശോധന നടപടികള്‍ ഉണ്ടായിരിക്കും. കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ആള്‍ക്കാരെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നീ വിഭാഗങ്ങളുടെ പരിശോധനയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ശക്തമായ പോലീസ് പരിശോധനയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിന്‍റെ 200 മീറ്റര്‍ ചുറ്റളവില്‍ ഉണ്ടായിരിക്കുക. വോട്ടെണ്ണല്‍ കേന്ദ്രത്തിന്‍റെ 200 മീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ആകാശ പരിശോധനയും ഉണ്ടായിരിക്കും. കണ്ണൂര്‍ സബ് ഡിവിഷന്‍ പരിധിയില്‍ 62 പിക്കറ്റ് പോസ്റ്റുകളും, കൂത്തുപറമ്പ സബ് ഡിവിഷന്‍ പരിധിയില്‍ 20 പിക്കറ്റ് പോസ്റ്റുകളും, തലശ്ശേരി സബ് ഡിവിഷന്‍ പരിധിയില്‍ 24 പിക്കറ്റ് പോസ്റ്റുകളും സജ്ജമാക്കിയിട്ടുണ്ട്. കണ്ണൂര്‍ സബ് ഡിവിഷന്‍ പരിധിയില്‍ 7 മൊബൈല്‍ പട്രോള്‍ വാഹനവും, 7 ബൈക്ക് പട്രോളും, കൂത്തുപറമ്പ സബ് ഡിവിഷന്‍ പരിധിയില്‍ 17 മൊബൈല്‍ പട്രോള്‍ വാഹനവും 15 ബൈക്ക് പട്രോളും , തലശ്ശേരി സബ് ഡിവിഷന്‍ പരിധിയില്‍ 18 മൊബൈല്‍ പട്രോള്‍ വാഹനവും 24 ബൈക്ക് പട്രോളും ലോ ആന്‍ഡ് ഓര്‍ഡര്‍ ഡ്യൂട്ടിക്കായി ഒരുക്കിയിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ ആസ്ഥാനത്ത് ലോ ആന്‍ഡ് ഓര്‍ഡര്‍ നിയന്ത്രിക്കുന്നതിന് ഒരു കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്. കേരള ഹൈ കോടതിയുടെയും, ഇലക്ഷന്‍ കമ്മിഷന്‍റെയും, സര്‍ക്കാറിന്റെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള പരിശോധനകളും നിയമ നടപടികളും പോലീസ് കര്‍ശനമായി നടപ്പാക്കുമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആർ. ഇളങ്കോ ഐപിഎസ് അറിയിച്ചു. കണ്ണൂര്‍ സബ് ഡിവിഷന്‍ പരിധിയില്‍ 322 പോലീസ് ഉദ്യോഗസ്ഥരെയും, കൂത്തുപറമ്പ സബ് ഡിവിഷന്‍ പരിധിയില്‍ 90 പോലീസ് ഉദ്യോഗസ്ഥരെയും, തലശ്ശേരി സബ് ഡിവിഷന്‍ പരിധിയില്‍ 189 പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ആഹ്ളാദ പ്രകടനങ്ങള്‍, അനാവശ്യ കൂടിച്ചേരലുകള്‍ എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളിലെ പ്രശ്ന ബാധിത പ്രദേശങ്ങളില്‍ പോലീസ് കര്‍ശനമായ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റീട്ടെര്‍ണിങ് ഓഫീസര്‍മാര്‍ നല്കിയ പാസ്സ് കൈവശമില്ലാത്തവരെ വോട്ടെണ്ണല്‍ കേന്ദ്രത്തിന്‍റെ പരിസരത്തു പ്രവേശിക്കാന്‍ അനുവദിക്കുകയില്ല. രാജ്യത്തൊട്ടാകെയുള്ള കോവിഡ്-19 കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വിജയാഘോഷം നിരോധിച്ചുകൊണ്ട് ഇലക്ഷന്‍ കമ്മിഷന്‍ നേരത്തെ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ദേശീയ / സംസ്ഥാന രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോജിച്ചു നിർദ്ദേശങ്ങൾ ലഭിച്ച ശേഷം സംസ്ഥാനങ്ങളിലെ വിവിധ ചീഫ് ഇലക്ടറൽ ഓഫീസർമാരിൽ നിന്നും യുടിമാരിൽ നിന്നും ലഭിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ച ശേഷമാണ് ഇലക്ഷന്‍ കമ്മിഷന്‍ വിജയാഘോഷം നിരോധിച്ചുകൊണ്ട് ഉത്തരവായത്. ആയതിനാല്‍ നാളെ വോട്ടെണ്ണലിന് ശേഷം വിജയിയെ പ്രഖ്യാപിച്ചതിന് ശേഷമുള്ള ഒരു വിജയ ഘോഷയാത്രയും അനുവദിക്കുന്നതല്ല. അനാവശ്യമായി പൊതുസ്ഥലങ്ങളില്‍ പുറത്തിറങ്ങി ആള്‍ക്കൂട്ടം ഉണ്ടാക്കുകയും ചെയ്യുന്നവരെ കരുതല്‍ അറസ്റ്റ് ചെയ്യുകയും, അനാവശ്യമായി വാഹനങ്ങളില്‍ കറങ്ങി നടക്കുന്നതു പോലീസ്സിന്‍റെ ശ്രദ്ധയില്‍ പെട്ടാല്‍ വാഹനങ്ങള്‍ കണ്ടുകെട്ടി കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കണ്ണൂര്‍ സിറ്റി പോലീസ് അറിയിച്ചു. ആരോഗ്യ വകുപ്പിന്‍റെയും പോലീസ്സിന്‍റെയും കോവിഡ് മാനദണ്ഡങ്ങള്‍/ നിര്‍ദ്ദേശങ്ങള്‍ കൃത്യമായും പാലിക്കണമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. കണ്ണൂർ നഗരത്തിൽ ഞായറാഴ്ച പുലർച്ചെ അഞ്ചു മണി മുതൽ കർശനമായി വാഹന പരിശോധനയും അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് എതിരെ നടപടിയും ഉണ്ടാകും. പാസില്ലാതെ ആർക്കും യാത്രാനുമതി നൽകില്ല. വിവാഹങ്ങൾക്ക് അനുവദനിയമായ എണ്ണത്തിന് മാത്രം യാത്ര അനുമതി നൽകും. ജാഗ്രത പോർട്ടലിൽ രെജിസ്റ്റർ ചെയ്തത് കാണിക്കണം. ആഹ്ലാദപ്രകടനങ്ങൾ, ഡിജെ പാർട്ടി, ബൈക്ക് റാലി എന്നിവ കർശനമായി നിരോധിച്ചു. ഇത് ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: