അടുത്ത മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങള്‍ തുടങ്ങി പൊതുഭരണ വകുപ്പ്

സംസ്ഥാനത്ത് അടുത്ത മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് പൊതുഭരണ വകുപ്പ് ഒരുക്കങ്ങള്‍ തുടങ്ങി. വോട്ടെണ്ണലിന് പിന്നാലെ സ്വീകരിക്കേണ്ട നടപടികളിലേക്കാണ് പൊതുഭരണ വകുപ്പ് കടന്നിരിക്കുന്നത്.

നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കും. കൊവിഡ് രോഗവ്യാപനം തുടര്‍ന്നാല്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ മൂന്നു ഘട്ടമായി നടത്തിയേക്കാം. ഇടതു മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ പിണറായി വിജയന്‍ വീണ്ടും അധികാരമേല്‍ക്കുന്നത് ഈ മാസം 9ന് ശേഷമേയുള്ളുവെന്ന് സിപിഐഎം വൃത്തങ്ങള്‍ സൂചിപ്പിച്ചു.

അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കും എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. നാളെ രാവിലെ 8ന് വോട്ടെണ്ണല്‍ തുടങ്ങും. വൈകാതെ ആദ്യ ഫല സൂചനകള്‍ ലഭ്യമാവും. തപാല്‍ വോട്ടിലെ വര്‍ധനവ് ഫലം വൈകിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുകയാണ്.

രാവിലെ 6 ന് ഇലക്ടോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമുകള്‍ തുറക്കും. നിരീക്ഷകരുടേയും ഏജന്റുമാരുടേയും സാന്നിധ്യത്തിലാകും ഇത്. 114 കേന്ദ്രങ്ങളിലെ 633 കൗണ്ടിംഗ് ഹാളുകളിലേക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റും.

രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം എണ്ണുക തപാല്‍ ബാലറ്റുകളാണ്. 8.30 ന് ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഒരു ഹാളില്‍ ഏഴ് മേശകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു മണ്ഡലത്തിന് മൂന്നു ഹാളുകള്‍ വരെ ക്രമീകരിച്ചിട്ടുണ്ട്. ഒരു റൗണ്ടില്‍ 21 ബൂത്തുകളുടെ വോട്ട് എണ്ണാനാവും.

48 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍, ആന്റിജന്‍ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരേയോ രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയോ മാത്രമേ കൗണ്ടിംഗ് ഹാളിലേക്ക് കയറ്റൂ. ഒരു ടേബിളില്‍ രണ്ട് ഏജന്റുമാരുടെ നടുക്ക് ഇരിക്കുന്ന ഏജന്റ് പിപിഇ കിറ്റ് ധരിക്കണം.

തപാല്‍ വോട്ടുകളുടെ ആധിക്യം ഫലം വൈകിക്കുമോ എന്ന ആശങ്കയുണ്ട്. 584238 തപാല്‍ വോട്ടുള്ളതില്‍ നാലര ലക്ഷത്തിലേറെ വോട്ടുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചിട്ടുണ്ട്. തപാല്‍ വോട്ടുകള്‍ പൂര്‍ണമായി എണ്ണിക്കഴിഞ്ഞ ശേഷമാകും വോട്ടിംഗ് യന്ത്രത്തിലെ അവസാന രണ്ടു റൗണ്ട് വോട്ടെണ്ണുക. അതിനു ശേഷം ഓരോ മണ്ഡലത്തിലെയും അഞ്ചു വിവി പാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകള്‍ പരിശോധിക്കും. ഇവിഎമ്മിലേയും വിവി പാറ്റിലേയും വോട്ടുകള്‍ തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ വിവി പാറ്റിലെ വോട്ടാകും കണക്കാക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: