സുന്ദരന്റെ മനക്കരുത്തിൽ ഇരുമ്പിൽ വിളയുന്ന ആയുധങ്ങൾ

സജീവ് നായർ പേരാവൂർ

അധ്വാനത്തിന്റെ കാഠിന്യമോർത്ത് കരുത്തർ പോലും മടിക്കുന്ന കൊല്ലപ്പണി കാൽ നൂറ്റാണ്ടായി കൈകൾകുത്തി ഏന്തി വലിഞ്ഞ് ചെയ്യുകയാണ് പി.ടി.സുന്ദർ. അദ്ദേഹത്തിന്റെ അമ്മ സുന്ദരാ എന്നു വിളിക്കുന്നത് കേട്ടോ പണിതെടുക്കുന്ന ആയുധങ്ങളുടെ സൗന്ദര്യം കണ്ടോ നാട്ടുകാരും സുന്ദരൻ എന്നാണു വിളിക്കുന്നത്. ഭാര്യ ലസിതക്കും അഞ്ചാം ക്ലാസുകാരൻ മകൻ അനന്തു കൃഷ്ണയ്ക്കുമൊപ്പം കേളകം വെണ്ടേക്കുംചാലിൽ പള്ളിക്കുന്നേൽ വീട്ടിൽ കഴിയുന്നു. ഏഴു വയസുവരെ കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല. പെട്ടന്നൊരു പനി വന്നു കിടപ്പിലായി. പോളിയോ ആയിരുന്നു. കാലുകൾ ശോഷിച്ച് നടക്കാൻ കഴിയാതെയായി. മൂന്നു വർഷത്തോളം വിവിധ ചികിത്സകൾ ചെയ്ത് കൈകൾകുത്തി എന്തിവലിഞ്ഞ് നടക്കാം എന്ന പരുവത്തിലെത്തി. ആ സ്ഥിതി 45ാം വയസിലും തുടരുന്നു.25 വർഷത്തെ ജീവിതത്തെക്കുറിച്ച് സുന്ദരൻ പറയുന്നതിങ്ങനെ. ’20ാം വയസിൽ അമ്മാവനൊപ്പം കൊല്ലപ്പണി അഭ്യസിച്ചു തുടങ്ങി. കല്ലുകൊത്തിന് പ്രസിദ്ധമായിരുന്ന പാറത്തോട്ടിലായിരുന്നു ആദ്യം ആലയിട്ടത്. അവിടെ കൊത്തുകാരുടെ മഴു കാച്ചിക്കലായിരുന്നു പ്രധാന വരുമാനം. ദിവസം 1000 രൂപയുടെ പണി വരെ ഉണ്ടായിരുന്നു. പാറത്തോടിൽ കല്ലുകൊത്തി തീർന്നപ്പോൾ പൊയ്യമലയിലേക്ക് മാറി. അവിടെയും പണിയുണ്ടായിരുന്നു. പിന്നീട് ചെങ്കൽപ്പണകളിൽ യന്ത്രവത്ക്കരണം ആരംഭിച്ചതോടെ തൊഴിലാളികൾ മഴു ഉപേക്ഷിച്ചു. കൊല്ലനെയും മറന്നു. ഇപ്പാേൾ വീടിനോടു ചേർന്ന ചായ്പ്പിൽ കത്തികളും മറ്റും കാച്ചിച്ചു നൽകും. ആരെങ്കിലുമൊക്കെ വരും. ദിവസം 100 രൂപയൊക്കയേ കിട്ടൂ’.
10 വർഷം മുമ്പ് പഞ്ചായത്ത് പദ്ധതിയിൽ പണിതീർത്ത വീട്ടിലാണ് താമസം. വീട് തേച്ചിട്ടില്ല. അറ്റകുറ്റപ്പണികളും ചെയ്യാനുണ്ട്. ഏഴു വർഷം മുമ്പ് സ്‌കൂട്ടറും നൽകി പഞ്ചായത്ത്. ഇനി ചെട്ടിയാംപറമ്പിൽ ഒരു ആലയിടണം. അതാണ് ആഗ്രഹം. സുന്ദർ പറയുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: