റേഷൻകാർഡ് അടിയന്തിരമായി നൽകുന്നത് ഒരിടത്തും കാർഡില്ലാത്തവർക്ക്

സംസ്ഥാനത്ത് നിലവിൽ ഒരിടത്തും റേഷൻകാർഡില്ലാത്ത കുടുംബങ്ങൾക്കാണ് അടിയന്തിരമായി റേഷൻകാർഡ് നൽകാൻ തീരുമാനിച്ചിട്ടുള്ളതെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.
റേഷൻകാർഡ് സംബന്ധമായ മറ്റ് അപേക്ഷകൾ സ്വീകരിക്കുന്നത് സംബന്ധിച്ച് നിലവിലെ ലോക്ക്ഡൗൺ മാറുന്ന മുറയ്ക്ക് തീരുമാനിക്കും. അംഗങ്ങളെ കുറവ് ചെയ്ത് പുതിയ കാർഡുണ്ടാക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.
ഒരിടത്തും റേഷൻകാർഡില്ലാത്ത കുടുംബങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ വഴിയോ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. താലൂക്ക് സപ്ലൈ/ സിറ്റി റേഷനിംഗ് ഓഫീസുകളിലും നേരിട്ട് അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
നിലവിലെ സാഹചര്യത്തിൽ റേഷൻകാർഡിനായി ഹാജരാക്കുന്ന രേഖകളുടെ ആധികാരികത പരിശോധിക്കുന്നതിന് ബുദ്ധിമുട്ടായതിനാൽ ആധികാരികത സംബന്ധിച്ച് പൂർണ്ണ ഉത്തരവാദിത്വം അപേക്ഷകനായിരിക്കുമെന്നും തെറ്റായ വിവരങ്ങൾ നൽകിയാൽ ശിക്ഷാനടപടികൾക്ക് വിധേയരാകുന്നതായിരിക്കും എന്ന സത്യവാങ്മൂലം കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഒരു കുടുംബത്തിൽ ഒന്നിലധികം കാർഡുകൾ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കരുത്. തുടർന്നുള്ള പരിശോധനയിൽ നൽകിയ വിവരങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെടുന്നപക്ഷം ശിക്ഷാനടപടികൾ സ്വീകരിക്കും.
അപേക്ഷയോടൊപ്പം എല്ലാ കുടുംബാംഗങ്ങളുടെയും ആധാറിന്റെ പകർപ്പ് ഉൾപ്പെടുത്തണം. ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നും അറിയിപ്പ് ലഭിച്ച ശേഷം മാത്രം ഓഫീസിൽ എത്തി കാർഡ് കൈപ്പറ്റണം. ഓഫീസിൽ എത്തുമ്പോൾ ആരോഗ്യമന്ത്രാലയം നിഷ്‌കർഷിച്ചിട്ടുള്ള സാമൂഹിക അകലം പാലിച്ച് മാസ്‌ക് ധരിച്ച് സോപ്പ് വെള്ളം എന്നിവ കൊണ്ട് കൈകഴുകണം. ഒരു സമയം ഒരാൾ എന്ന ക്രമത്തിൽ മാത്രമേ ഓഫീസിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: