സന്നദ്ധ സേവകരുടെ എണ്ണം പരിമിതപ്പെടുത്തും; വളണ്ടിയര്‍മാര്‍ക്ക് ഇനി ഇലക്ട്രോണിക് പാസുകള്‍

സന്നദ്ധ സേവകരുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വളണ്ടിയര്‍മാര്‍ക്ക് ഇലക്ട്രോണിക് പാസുകള്‍ നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്. ഇനി മുതല്‍ ഇലക്ട്രോണിക് സംവിധാനത്തിലൂടെയുള്ള പാസുകള്‍ ആയിരിക്കും ജില്ലാ ഭരണകൂടവും പൊലീസും നല്‍കുക. ചീഫ് സെക്രട്ടറി അധ്യക്ഷനായ ക്രൈസിസ് മാനേജ്‌മെന്റ് സംഘം ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇനി മുതല്‍ സന്നദ്ധ സേവകര്‍ക്കുള്ള പാസുകള്‍ നല്‍കുന്നതിനുള്ള അധികാരം ജില്ലാ കലക്ടര്‍ക്കോ ജില്ലാ പൊലീസ് മേധാവിക്കോ മാത്രമായിരിക്കും. വിതരണം ചെയ്യുന്ന എല്ലാ പാസുകളും ഇലക്ട്രോണിക് സംവിധാനത്തിലുള്ളതായിരിക്കും. ഐ ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ക്കാണ് ഇതിന്റെ ചുമതല. ഇതിനകം തന്നെ ഐടി മിഷന്‍ ഇലക്ട്രോണിക് പാസ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ഈ സംവിധാനമാണ് പുതിയ ഇലക്ട്രോണിക് പാസുകള്‍ നല്‍കുന്നതിനും സ്വീകരിക്കുക. ഇതോടെ പ്രാദേശിക തലത്തിലോ ജില്ലാ തലത്തിലോ നല്‍കിയിരുന്ന മുഴുവന്‍ പാസുകളും അസാധുവാകും.
കമ്യൂണിറ്റി കിച്ചന്‍, ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കുള്ള സഹായമെത്തിക്കല്‍, ഭക്ഷണ വിതരണം, സംഭരണം, അനുബന്ധ ജോലികള്‍ തുടങ്ങി കൊവിഡ് 19 നുമായി ബന്ധപ്പെട്ട് മറ്റ് സന്നദ്ധ സേവനങ്ങള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് മാത്രമേ കലക്ടര്‍ പാസ് അനുവദിക്കുകയുള്ളൂ. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായിട്ടാണ് വളണ്ടിയര്‍മാരുടെ എണ്ണം പരിമിതപ്പെടുത്തി ഇലക്ട്രോണിക് പാസുകള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: