ക്വാറന്റീന്‍ കാലാവധിയുമായി ബന്ധപ്പെട്ട വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

വിദേശത്തുനിന്ന് എത്തിയവരുടെ നിരീക്ഷണ കാലാവധി ഏപ്രില്‍ ഏഴിന് അവസാനിക്കും എന്ന രീതിയില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മാര്‍ച്ച് 12, 31 തീയതികളില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് വിദേശയാത്ര കഴിഞ്ഞ് വരുന്നവരുടെ ക്വാറന്റീന്‍ കാലാവധി നിശ്ചയിക്കുന്നത്.
ഇതുപ്രകാരം ഒരു വ്യക്തി കോവിഡ്-19 ബാധിതനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിന്റെ സ്വഭാവമനുസരിച്ചാണ് അയാളുടെ ക്വാറന്റീന്‍ കാലാവധി 14 ദിവസമാണോ 28 ദിവസമാണോ എന്ന് നിശ്ചയിക്കപ്പെടുന്നത്. ഇത് ഒരു അപകടം കുറഞ്ഞ (ലോ റിസ്‌ക്) സമ്പര്‍ക്കമാണെങ്കില്‍ 14 ദിവസവും അപകടം കൂടിയ (ഹൈ റിസ്‌ക്) സമ്പര്‍ക്കമാണെങ്കില്‍ 28 ദിവസവും ആയിരിക്കും നിരീക്ഷണ കാലാവധി. നിരീക്ഷണത്തിലിരിക്കെ ലോ റിസ്‌ക് ആയ വ്യക്തിക്ക് രോഗലക്ഷണങ്ങള്‍ പ്രകടമാവുകയാണെങ്കില്‍ ക്വാറന്റീന്‍ കാലാവധി നീളും.
നിലവില്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ്-19 പോസിറ്റീവ് കേസുകളെല്ലാം വിമാനയാത്ര കഴിഞ്ഞു വന്നവരാണ്. വിമാനങ്ങളില്‍ ഇവരുമായി ഹൈ റിസ്‌ക് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട മറ്റു വ്യക്തികള്‍, കുടുംബാംഗങ്ങള്‍, മറ്റു പരിചയക്കാര്‍ എന്നിവരുടെയെല്ലാം ക്വാറന്റീന്‍ കാലാവധി 28 ദിവസമായിരിക്കുമെന്നും ഡിഎംഒ വ്യക്തമാക്കി.
കോവിഡ്-19 മായി ബന്ധപ്പെട്ട സംശയനിവാരണത്തിന് ജില്ലാ കണ്‍ട്രോള്‍ സെല്‍ നമ്പറുകളില്‍ ബന്ധപ്പെടാം. ഫോണ്‍: 0497-2713437, 2700194.
പി എന്‍ സി/1328/2020

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: