മൈസൂരുവില്‍ കൊള്ളസംഘം വിലസുന്നു; ആക്രമിക്കപ്പെടുന്നതിലേറെയും കണ്ണൂരില്‍ നിന്നുള്ള യാത്രക്കാര്‍

കണ്ണൂര്‍: മൈസൂരുവില്‍ കണ്ണുരില്‍ നിന്നുള്ള ടൂറിസ്റ്റ് ബസ്സുകളും കെഎസ്ആര്‍ടിസിയും കാറുകളും തടഞ്ഞുനിര്‍ത്തി കൊള്ളയടിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ രണ്ടുതവണ മലയാളികള്‍ കൊള്ളക്കിരയായി.  വൃന്ദാവന് അടുത്തുള്ള കെആര്‍എസ് എന്ന സ്ഥലത്ത് ശ്രീരംഗപട്ടണത്തില്‍ നിന്ന് ഹുന്‍സൂരിലേക്ക് വരുന്ന റോഡിലാണ് കൊള്ളസംഘം പ്രധാനമായും  തമ്പടിക്കുന്നത്.  തോക്കും വാളും കാട്ടി ഭീഷണിപ്പെടുത്തുന്ന സംഘം യാത്രക്കാരില്‍ നിന്നും പണവും സ്വര്‍ണ്ണവും തട്ടിയെടുക്കുകയാണ് പതിവ്. നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റി ബൈക്കുകളിലാണ് കൊള്ളസംഘം എത്താറുള്ളത്. മോഷ്ടിക്കുന്ന വാഹനങ്ങള്‍ കൊള്ളക്ക്  ശേഷം വഴിയില്‍ ഉപേക്ഷിച്ചാണ് സംഘം രക്ഷപ്പെടുന്നത്.  കേരള റജിസ്‌ട്രേഷനിലുള്ള കാറുകളും  സംഘം  നോട്ടമിടാറുണ്ട്.  റോഡില്‍ ബൈക്കിട്ട് വാഹനങ്ങള്‍ നിര്‍ത്തിയ ശേഷം ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിക്കും.  നിര്‍ത്താതെ പോകുന്ന വാഹനങ്ങള്‍ പിന്തുടര്‍ന്ന് പിടികൂടും. പോലീസില്‍ പരാതിപ്പെടാനും  ആളുകള്‍ക്ക് ഭയമാണ്. പരാതിപ്പെടുന്നവര്‍ക്ക്  നേരെ ഭീഷണി തുടരുകയും ചെയ്യും.  കൊള്ളസംഘത്തിന്റെ ആക്രമണ ഭീതിയെതുടര്‍ന്ന് മലയാളികള്‍ ഈ റൂട്ടില്‍ രാത്രിയാത്ര ഒഴിവാക്കിയിരിക്കുകയാണ്. ഇത് സ്വകാര്യ ടൂറിസ്റ്റ് വ്യവസായത്തെ  കാര്യമായി ബാധിച്ചിട്ടുണ്ട്.  രാത്രി യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് വന്നിട്ടുള്ളതെന്നും ഉടമകള്‍ പറയുന്നു. കൊള്ളസംഘത്തിനെതിരെ നടപടിയെടുക്കാന്‍ കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന ആവശ്യവും ശക്തമാണ്.  ഇതുസംബന്ധിച്ച് ഓള്‍ ഇന്ത്യാ  മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് മാനേജിംഗ് കമ്മറ്റി അംഗം എംടി പ്രകാശന്‍ എംപിമാരായ പി.കെ ശ്രീമതി ടീച്ചര്‍, കെ.കെ രാഗേഷ്, എന്നിവര്‍ക്ക് നിവേദനം നല്‍കി. മുന്‍ എംപി  കെ. സുധാകരനും പ്രകാശന്‍ പരാതി നല്‍കിയിട്ടുണ്ട്.  കര്‍ണാടക ആഭ്യന്തര മന്ത്രിയുമായി ബന്ധപ്പെട്ട്  നടപടി ശക്തമാക്കാന്‍ ആവശ്യപ്പെടുമെന്ന് കെ. സുധാകരന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും എം.ടി പ്രകാശന്‍ പറഞ്ഞു….

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: