വേനല്‍ച്ചൂട്; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം – ഡിഎംഒ

ജില്ലയില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയിലും കൂടാമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ധാരാളം ശുദ്ധജലം കുടിക്കുക. ദാഹം തോന്നിയില്ലെങ്കില്‍പ്പോലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും രണ്ട് മുതല്‍ നാല് ഗ്ലാസ്സ് വരെ വെള്ളം കുടിക്കുക. ധാരാളം വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെള്ളമോ ഉപ്പിട്ട നാരങ്ങാ വെള്ളമോ കുടിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ.
വെയിലത്ത് പണി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ രാവിലെ 11 മണി മുതല്‍ ഉച്ച കഴിഞ്ഞ് മൂന്ന് മണി വരെയുള്ള സമയം വിശ്രമിക്കുക. രാവിലെയും വൈകിട്ടും കൂടുതല്‍ സമയം ജോലി ചെയ്യുക. ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ തണലത്തേയ്ക്ക് മാറിനില്‍ക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക.
കട്ടികുറഞ്ഞ വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. വെയിലത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക.
കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.
ചുടു കൂടുതല്‍ ഉള്ള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക. പ്രായാധിക്യമുള്ളവരുടെയും (65 വയസ്സിന് മുകളില്‍) കുഞ്ഞുങ്ങളുടെയും (നാല് വയസ്സിന് താഴെയുള്ളവര്‍) മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയിലുള്ളവരുടെയും ആരോഗ്യ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.
വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും അകത്തെ ചൂട് പുറത്ത് പോകുന്ന രീതിയിലും വാതിലുകളും ജനലുകളും തുറന്നിടുക.
സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളായ വളരെ ഉയര്‍ന്ന ശരീരതാപം,  വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം, വേഗതയിലുള്ള നാഡീമിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ചികിത്സ തേടേണ്ടതാണ്. സൂര്യാഘാതമേറ്റവരെ ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങള്‍  ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: