കൊട്ടിയൂർ കേളകം ഭാഗത്ത് വൻ കഞ്ചാവ് വേട്ട; കൊട്ടിയൂർ സ്വദേശി എക്സൈസ് പിടിയിൽ

കൊട്ടിയൂർ: കൊട്ടിയൂർ, കേളകം ഭാഗങ്ങളിൽ കഞ്ചാവും മറ്റ് മയക്കുമരുന്നുകളും വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി കൊട്ടിയൂർ സ്വദേശി 1.100 കിലോ കഞ്ചാവുമായി എക്സൈസ് പിടിയിൽ.
കൊട്ടിയൂർ സ്വദേശി തൊട്ടവിളയിൽ വീട്ടിൽ കുട്ടപ്പൻ എന്നയാളെയാണ് ഒരു കിലോയിൽ കൂടുതൽ കഞ്ചാവുമായി നീണ്ടുനോക്കി ടൗൺ പരിസരത്ത് വച്ച് പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് പാർട്ടി പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് അരക്കിലോയോളം കഞ്ചാവുമായി ഇയാൾ എക്സൈസിന്റെ പിടിയിലായിരുന്നു. തുടർന്നും ഇയാൾ വൻതോതിൽ കഞ്ചാവും മറ്റ് മയക്കുമരുന്നുകളും കടത്തികൊണ്ടുവന്ന് വില്പന നടത്തുന്നുണ്ടെന്ന് കണ്ണൂർ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കൂത്തുപറമ്പ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എൻ പത്മരാജൻ, കണ്ണൂർ എക്സൈസ് ഐ ബി പ്രിവന്റീവ് ഓഫീസർ നിസാർ ഒ, സിവിൽ എക്സൈസ് ഓഫിസർമാരായ സതീഷ് വി എൻ, കെ ശ്രീജിത്ത് എക്സൈസ് ഡ്രൈവർ എം ഉത്തമൻ എന്നിവർ പങ്കെടുത്തു.