അന്തിമവോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 2,54,08,711 വോട്ടർമാർ

കൂടുതൽ വനിതാവോട്ടർമാർ- 1,31,11,189 പേർ

ഇനിയും പേര് ചേർക്കാൻ അവസരം

2019ലെ പൊതു തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. സംസ്ഥാനത്ത് 2,54,08,711 വോട്ടർമാരാണ് അന്തിമവോട്ടർ പട്ടികപ്രകാരമുള്ളത്. ഇതിൽ 1,31,11,189 പേർ വനിതകളും 1,22,97,403 പേർ പുരുഷൻമാരുമാണ്. 1.37 ശതമാനം വോട്ടർമാരാണ് സംസ്ഥാനത്ത് വർധിച്ചത്.

ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മലപ്പുറം ജില്ലയിലാണ് -30,47,923 പേർ. തൊട്ടുപിന്നിലുള്ള തിരുവനന്തപുരം ജില്ലയിൽ 26,54,470 പേരാണുള്ളത്.

എറ്റവും കൂടുതൽ വനിതാ വോട്ടർമാരുള്ള ജില്ലയും മലപ്പുറമാണ്. 15,26,826 പേർ. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 13,95,804 വനിതകളാണ് പട്ടികയിൽ ഉള്ളത്. 

119 ട്രാൻസ്‌ജെൻഡർ വോട്ടർമാരാണ് പുതുക്കിയ വോട്ടർപട്ടികയിലുള്ളത്. 2018നുമുമ്പ് ഈ വിഭാഗത്തിൽ ആരും പേരു ചേർത്തിരുന്നില്ല. കഴിഞ്ഞവർഷം 18 പേരുണ്ടായിരുന്നതാണ് ഇപ്പോൾ 119 ആയി ഉയർന്നത്.

കൂടുതൽ ട്രാൻസ്‌ജെൻഡർ വോട്ടർമാരുള്ള ജില്ല തിരുവനന്തപുരമാണ് -41 പേർ. തൊട്ടുപിന്നിൽ യഥാക്രമം തൃശൂരൂം (21), കോഴിക്കോടും (15) ആണ്.

വോട്ടർപട്ടികയിൽ പ്രവാസികളുടെ എണ്ണം 66,584 ആണ്. 43,339 പേരുടെ വർധനവുണ്ട്. കൂടുതൽ പ്രവാസി വോട്ടർമാരുള്ളത് കോഴിക്കോട്ടാണ്- 22,241 പേർ. രണ്ടാംസ്ഥാനത്തുള്ള മലപ്പുറത്ത് 15,298 പേരും മൂന്നാംസ്ഥാനത്തുള്ള കണ്ണൂരിൽ 11,060 പേരുമാണുള്ളത്. 

യുവവോട്ടർമാരുടെ എണ്ണത്തിലും ശ്രദ്ധേയമായ വർധനവുണ്ട്. 2,61,780 പേരെ പുതുതായി പട്ടികയിൽ ചേർക്കാനായി. കൂടുതൽ യുവ വോട്ടർമാർ മലപ്പുറത്താണ്്. (46,700). കോഴിക്കോടും (33,027) തൃശൂരുമാണ് (23,789) തൊട്ടുപിന്നിൽ. 

സംസ്ഥാനത്ത് ഇപ്പോൾ 24,970 പോളിംഗ് ബൂത്തുകളാണുള്ളത്. നേരത്തെയിത് 24,460 എണ്ണമായിരുന്നു.

അന്തിമവോട്ടർ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ഇനിയും പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു. വോട്ടർമാരുടെ സഹായത്തിന് ജില്ലാതലത്തിൽ 1950 എന്ന ടോൾ ഫ്രീ നമ്പരും സി.ഇ.ഒ ഓഫീസിൽ 18004251965 എന്ന ടോൾ ഫ്രീ നമ്പരും പ്രവർത്തിക്കുന്നുണ്ട്. വോട്ടർപട്ടികയും വിശദാംശങ്ങളും  www.ceo.kerala.gov.in ൽ ലഭിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: