മുന്‍ കാമുകനെ അടിച്ചു കൊലപ്പെടുത്തി ടെലിവിഷന്‍ നടി

മുന്‍ കാമുകനെ അടിച്ചു കൊലപ്പെടുത്തി ടെലിവിഷന്‍ നടി. വിവാഹേതര ബന്ധം തുടരാന്‍ നിര്‍ബന്ധിച്ചതാണ് കാരണം. തിങ്കളാഴ്ച പുലര്‍ച്ചെ കൊളത്തൂരിലെ സഹോദരിയുടെ വീട്ടില്‍ നടി എസ്.ദേവി പട്ടികയും ചുറ്റികയും ഉപയോഗിച്ച്‌ കാമുകന്റെ തല അടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഫിലിം ടെക്‌നീഷ്യനായ എം രവിയാണ് കൊല്ലപ്പെട്ടത്. ദേവി പിന്നീട് പൊലീസില്‍ കീഴടങ്ങി. തുടര്‍ന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിനു ശേഷം ഭര്‍ത്താവ് ബി.ശങ്കര്‍, സഹോദരി എസ്.ലക്ഷ്മി, ലക്ഷ്മിയുടെ ഭര്‍ത്താവ് സവാരിയാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.മധുര സ്വദേശിയാണ് കൊല്ലപ്പെട്ട രവി. ജോലിയുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് താമസിച്ചു വന്നിരുന്നത്. ടെലിവിഷന്‍ ചാനല്‍ സീരിയലുകളില്‍ ചെറിയ റോളുകള്‍ ചെയ്തിരുന്ന ദേവിയുമായി രവി പ്രണയത്തിലായി ഇരുവരുടെയും ബന്ധം വര്‍ഷങ്ങളോളം തുടര്‍ന്നു. രണ്ടു വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് ശങ്കറും കുടുംബവും
ദേവിയുടെ പ്രണയം അറിഞ്ഞത്. ഇതോടെ കുടുംബം ദേവിയെ ടെയ്‌ലറിങ് രംഗത്തേക്ക് തിരിച്ചുവിട്ടു.ഇടവേളകളില്‍ ദേവി സീരിയലുകളിലും അഭിനയിച്ചിരുന്നു. ശങ്കര്‍ തെയ്‌നാംപെട്ടില്‍ ഫര്‍ണിച്ചര്‍ കട നടത്തുകയാണ്.ഞായറാഴ്ച രാത്രി ദേവിയെ തേടി കൊലത്തൂരിലെ അവരുടെ വീട്ടിലെത്തിയ രവി, അവര്‍ അവിടെയില്ലെന്ന് അറിഞ്ഞ് പുലര്‍ച്ചെ 1.30 ഓടെ സമീപത്തുള്ള സഹോദരിയുടെ വീട്ടില്‍ എത്തി. ബന്ധം പുനഃസ്ഥാപിക്കാന്‍ സഹായിക്കാമെന്ന് സഹോദരി ലക്ഷ്മി രവിക്ക് ഉറപ്പുനല്‍കി. ഇയാളെ വീട്ടില്‍ ഒളിപ്പിച്ച ശേഷം ദേവിയെയും ശങ്കറിനെയും ഫോണില്‍ വിളിച്ചുവരുത്തി. ദേവിയെ കണ്ടയുടന്‍ രവി താനുമായുള്ള ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് വഴക്കിട്ടു. ഇതിനിടെ ദേവി അയാളെ അടിച്ചുവീഴ്ത്തി. തലതകര്‍ന്ന് രക്തം വാര്‍ന്ന് രവി കൊല്ലപ്പെട്ടു എന്നുറപ്പായതോടെ ദേവി നേരെ രാജമംഗലം പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: