ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ ആക്രമണങ്ങള്‍ നടത്തും ; സൈനിക മേധാവിയുടെ മുന്നറിയിപ്പ്

പാകിസ്താനിലെ ഭീകരവാദത്തിന്റെ ഉറവിടങ്ങള്‍ക്കു നേരെ മുന്‍കരുതല്‍‍ ആക്രമണങ്ങള്‍ നടത്താന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് പുതുതായി ചുമതലയേറ്റെടുത്ത ചീഫ് ഓഫ് ആര്‍മി സ്റ്റാഫ്, ജനറല്‍ മനോജ് മുകുന്ദ് നരവാന്‍ പറഞ്ഞു. സ്ഥാനമേറ്റെടുത്ത ശേഷം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്ക് ഏതുതരത്തിലുള്ള ഭീകരപ്രവര്‍ത്തനത്തോടും പ്രതികരിക്കാന്‍ വൈവിധ്യമേറിയ സന്നാഹങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതുതരം ഭീഷണിയെയും എപ്പോഴും നേരിടാന്‍ ഇന്ത്യക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ ബിബിന്‍ റാവത്ത് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് നരവാന്‍ അധികാരമേറ്റത്.

നാലായിരം കിലോമീറ്ററോളം വരുന്ന ഇന്ത്യ-ചൈന അതിര്‍ത്തി കാക്കുന്ന ഈസ്റ്റേണ്‍ കമാന്‍ഡിന്റെ തലവനായിരുന്നു എംഎം നരവാന്‍. ഇദ്ദേഹം പിന്നീട് വൈസ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫായി നിയമിക്കപ്പെട്ടു.

“നമ്മുടെ അയല്‍വാസി ഭീകരതയെ രാഷ്ട്രത്തിന്റെ നയമാക്കി മാറ്റിയിരിക്കുകയാണ്. നമുക്കെതിരെ ഒളിഞ്ഞിരുന്ന് യുദ്ധം നടത്തുകയാണവര്‍. ഇത് അധികകാലം തുടരാന്‍ അനുവദിക്കില്ല. എല്ലാക്കാലത്തും ജനങ്ങളെ നിങ്ങള്‍ക്ക് വിഡ്ഢികളാക്കാനാകില്ല,” അദ്ദേഹം പറഞ്ഞു. ഭീകരത ലോകത്തെമ്ബാടുമുള്ള പ്രശ്നമാണ്. ഇപ്പോള്‍ മാത്രമാണ് പല രാജ്യങ്ങള്‍ക്കും ഭീകരതയുടെ തിക്തഫലങ്ങള്‍ ലഭിക്കുന്നത്. അവരിപ്പോഴാണ് കാര്യങ്ങള്‍ തിരിച്ചറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പുല്‍വാമ ആക്രമണത്തിനു ശേഷം ഇന്ത്യ പാകിസ്താന്റെ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന നയത്തിനെതിരെ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി വരികയാണ്. അന്താരാഷ്ട്ര വേദികളില്‍ പാകിസ്താനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യ നയതന്ത്രപരമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: