കെല്‍ട്രോണിനെ പഴയ പ്രൗഢിയിലേക്ക് തിരിച്ചുകൊണ്ടുവരും: മന്ത്രി ഇ പി ഇയരാജന്‍

കെ പി പി നമ്പ്യാര്‍ സ്മാരക ഇലക്ട്രോണിക്‌സ് ഗവേഷണ കേന്ദ്രത്തിന് തറക്കല്ലിട്ടു
കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിനെ പഴയ പ്രൗഢിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. മാങ്ങാട്ടുപറമ്പ് കെല്‍ട്രോണ്‍ കോംപ്ലക്‌സില്‍ കെ പി പി നമ്പ്യാര്‍ സ്മാരക ഇലക്ട്രോണിക്‌സ് ഗവേഷണ കേന്ദ്രത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ തന്നെ ശ്രദ്ധേയമായ സ്ഥാപനമായിരുന്നു കെല്‍ട്രോണ്‍. എന്നാല്‍ വളരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കെല്‍ട്രോണിന്റെ വളര്‍ച്ചയ്ക്ക് ഒരു ഘട്ടത്തില്‍ വലിയ തിരിച്ചടിയുണ്ടായി. കാലോചിതമായ നിലയില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തി കെല്‍ട്രോണിനെ സംരക്ഷിച്ച് വളര്‍ത്തിയെടുക്കാന്‍ കഴിയാത്തത് വീഴ്ചയായി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വളരെയധികം വികസിച്ചിട്ടുള്ള ഈ കാലഘട്ടത്തില്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് വളര്‍ന്നു വരേണ്ടിയിരുന്ന ഒരു സ്ഥാപനമായിരുന്നു കെല്‍ട്രോണ്‍. ആധുനിക രംഗത്ത് നിരവധി സാധ്യതകളും, പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ഒട്ടനവധി ഉപകരണങ്ങളും അതിന് പ്രാപ്തിയുള്ള ജീവനക്കാരും കെല്‍ട്രോണിനുണ്ട്. എന്നാല്‍ അത് ഉപയോഗിക്കുന്ന മാനേജ്‌മെന്റ് ഇല്ല എന്നതാണ് പ്രശ്‌നം.
ഇലക്ട്രോണിക്‌സ് രംഗത്ത് പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് കെ പി പി നമ്പ്യാരുടെ പേരില്‍ ഏറ്റവും വലിയ ഗവേഷണ സ്ഥാപനം മാങ്ങാട്ടുപറമ്പില്‍ സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇലക്ട്രോണിക്‌സ് രംഗത്തെയും വിവര സാങ്കേതിക വിദ്യയെയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പുതിയ കണ്ടുപിടിത്തങ്ങള്‍ ഉണ്ടാകണം. അതിനായി ശാസ്ത്രാധ്യാപകരെ കൊണ്ടുവരും. ഇപ്പോള്‍ ആവശ്യമുള്ളത് മാര്‍ക്കറ്റിന് വേണ്ടി ഉല്‍പാദിപ്പിക്കുകയും അതോടൊപ്പം കാലോചിതമായി ജനങ്ങള്‍ക്ക് വേണ്ടുന്ന പുതിയ ഉല്‍പന്നങ്ങള്‍ കണ്ടെത്തുകയും ഉല്‍പാദിപ്പിക്കുകയും ചെയ്യുന്ന മഹദ് സ്ഥാപനമായി കെല്‍ട്രോണിനെ മാറ്റണം. അതിനുള്ള സാധ്യതയാണ് സൃഷ്ടിച്ചെടുക്കാന്‍ പോകുന്നത്, മന്ത്രി പറഞ്ഞു.
കേള്‍വി തകരാറുള്ള കുട്ടികള്‍ക്കുള്ള ശ്രവണ യന്ത്രങ്ങള്‍ പോലുള്ള മികച്ച ഉല്‍പന്നങ്ങള്‍ കെല്‍ട്രോണ്‍ യൂണിറ്റുകളില്‍ നിര്‍മ്മിക്കുന്നുണ്ട്. ഇത്തരത്തില്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കി ശാസ്ത്രത്തിന്റെ വളര്‍ച്ചയെ ഉപയോഗപ്പെടുത്തിക്കൊണ്ട് പുതിയ ഉപന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കണം. അതിന് ഉതകുന്ന തരത്തില്‍ ഒരു ഗവേഷണ കേന്ദ്രം കെല്‍ട്രോണില്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കെല്‍ട്രോണിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കണമെന്നും കൂടുതല്‍ ഉല്‍പന്നങ്ങളിലേക്ക് കടന്നു ചെല്ലണമെന്നും അദ്ദേഹം പറഞ്ഞു. കെ പി പി നമ്പ്യാര്‍ക്ക് ഉചിതമായ സ്മാരകം അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന കെല്‍ട്രോണിലെ സ്മൃതി മണ്ഡപത്തിന് സമീപം നിര്‍മ്മിക്കും. ഇതിന് പുറമെ കെമിക്കല്‍ റിസര്‍ച്ച് ലാബ് ഉള്‍പ്പെടെയുള്ള അത്യാധുനിക ലാബുകളും, ഡിജിറ്റല്‍ ലൈബ്രറിയും സ്മാരകത്തില്‍ ഒരുക്കും. ഇതിനായി രണ്ട് കോടി രൂപ മാറ്റിവെച്ചിട്ടുണ്ടെന്നും നിര്‍മ്മാണ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഇലക്ട്രോണിക്‌സ് – ഐടി രംഗത്തെ പ്രമുഖരുമായി ചര്‍ച്ച നടത്തി ഗവേഷണ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങില്‍ ടി വി രാജേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. കെ സി സി എല്‍ മാനേജിംഗ് ഡയറക്ടര്‍ കെ ജി കൃഷ്ണകുമാര്‍ പദ്ധതി വിശദീകരിച്ചു. പി കെ ശ്രീമതി ടീച്ചര്‍ എം പി, ജെയിംസ് മാത്യു എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള ടീച്ചര്‍, തളിപ്പറമ്പ് നഗരസഭ ചെയര്‍മാന്‍ അള്ളാംകുളം മഹമൂദ്, കെ സി സി എല്‍ ചെയര്‍പേഴ്‌സണ്‍ ടി ആര്‍ ഹേമലത, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: