വിനോദസഞ്ചാരം: 2018ല്‍ ജില്ലയ്ക്ക് മികച്ച നേട്ടം കൂടുതലായെത്തിയത് മുക്കാല്‍ ലക്ഷത്തോളം സഞ്ചാരികള്‍

വിനോദസഞ്ചാര രംഗത്ത് ജില്ലയില്‍ 2018ലുണ്ടായത് വലിയ മുന്നേറ്റമെന്ന് കണക്കുകള്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 72000ത്തിലേറെ വിനോദസഞ്ചാരികളാണ് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലെത്തിയത്. ഡിസംബറിലെ കണക്കുകള്‍ ഉള്‍പ്പെടുത്താതെയാണിത്. കഴിഞ്ഞ വര്‍ഷകാലത്തുണ്ടായ പ്രളയം ആഗസ്തിനു ശേഷമെത്തിയ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ചെറിയ കുറവുണ്ടാക്കിയിട്ടും പോയ വര്‍ഷം നേട്ടത്തിന്റേതായിരുന്നു.
നവംബര്‍ വരെയുള്ള കണക്കെടുത്താല്‍ 2017ല്‍ 626060 ആഭ്യന്തര ടൂറിസ്റ്റുകളും 3746 വിദേശ ടൂറിസ്റ്റുകളുമായിരുന്നു ജില്ലയിലെത്തിയത്. എന്നാല്‍ 2018ല്‍ അത് യഥാക്രമം 697390 ഉം 4533 ഉം ആയി ഉയര്‍ന്നു. വേനലവധിയായിരുന്ന ഏപ്രില്‍, മെയ് മാസങ്ങളിലായിരുന്നു ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം ഏറ്റവും ഉയര്‍ന്നത്. ഈ രണ്ടു മാസങ്ങളില്‍ മാത്രം 1.6 ലക്ഷത്തിലേറെ ആഭ്യന്തര ടൂറിസ്റ്റുകള്‍ ഇവിടെയെത്തി. പൊതുവെ തണുപ്പുകൂടിയ ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് വിദേശ സഞ്ചാരികള്‍ കൂടുതലായി കണ്ണൂരിലെത്തിയത്. 2017ലെ ആദ്യ രണ്ടു മാസങ്ങളില്‍ 1163 വിദേശികള്‍ ജില്ലയിലെത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷം അത് 2146 ആയി ഉയര്‍ന്നു.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം തുറന്നിടുന്ന വിനോദസഞ്ചാര സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നവീകരിക്കുകയും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തതാണ് ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവിന് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ പയ്യാമ്പലം ബീച്ച് നവീകരണത്തന്റെ ഭാഗമായി ഇവിടെ സന്ദര്‍ശകര്‍ക്ക് കടല്‍ ഭംഗി ആസ്വദിക്കാനും വിശ്രമിക്കാനും മറ്റുമുള്ള മികച്ച സംവിധാനങ്ങള്‍ ടൂറിസം വകുപ്പ് ഒരുക്കിയിരുന്നു. ബീച്ച് ജിം, ബാംബൂ കഫേ, ഫോട്ടോ ഫ്രെയിം തുടങ്ങിയ സൗകര്യങ്ങളും ഇവിടെ പുതുതായി സജ്ജീകരിച്ചിട്ടുണ്ട്.
പാലക്കയം തട്ടാണ് വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുന്ന ജില്ലയിലെ മറ്റൊരു പ്രധാന കേന്ദ്രം. ആയിരങ്ങളാണ് മലബാറിലെ ഊട്ടി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇവിടേക്ക് സന്ദര്‍ശകരായി എത്തുന്നത്. സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവര്‍ക്കായി വിവിധ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി തലശ്ശേരിയിലും പരിസരങ്ങളിലും നടപ്പിലാക്കിയ വിവിധ പദ്ധതികളും സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്, മുഴപ്പിലങ്ങാട് പാര്‍ക്ക്, വയലപ്ര പാര്‍ക്ക്, ചൂട്ടാട് ബീച്ച്, ഏഴരക്കുണ്ട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലും സൗകര്യങ്ങള്‍ വര്‍ധിച്ചതോടെ വന്‍ ഒഴുക്കാണ് ഇവിടങ്ങളിലേക്ക് ഉണ്ടാവുന്നത്. ഒഴിവുദിനങ്ങളില്‍ പ്രത്യേകിച്ചു ം.
325 കോടി രൂപയുടെ മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുള്‍പ്പെടെ വന്‍ ടൂറിസം പദ്ധതികള്‍ക്കാണ് ജില്ലയില്‍ പോയ വര്‍ഷം തുടക്കം കുറിച്ചത്. കണ്ണൂര്‍ വിമാനത്താവളം കൂടി യാഥാര്‍ഥ്യമായ പശ്ചാത്തലത്തില്‍ ജില്ലയുടെ ടൂറിസം രംഗം കൂടുതല്‍ ശക്തിപ്പെടുമെന്നാണ് കണക്കുകൂട്ടല്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: